Wednesday, 19 January 2011

വിക്കിപീഡിയ പത്താം വാർഷികാഘോഷം, കണ്ണൂർ


                      ‘എല്ലാ അറിവുകളും മനുഷ്യന്റെ വിരൽത്തുമ്പിൽ ലഭ്യമാണ്’ എന്ന് പറയുന്നത്, ശരിയാണെന്ന് കാലം തെളിയിച്ചിരിക്കയാണ്. കമ്പ്യൂട്ടർ തുറന്ന്, ഇന്റർനെറ്റിൽ കടന്ന്, സെർച്ച് ചെയ്താൽ ഏത് സംശയവും പരിഹരിക്കാൻ കഴിയുന്ന കാലമാണിത്. എന്നാൽ നമ്മുടെ സ്വന്തം നാടായ കേരളത്തിലുള്ള, നമ്മുടെ സ്വന്തം കാര്യങ്ങളെകുറിച്ച് പലതും അറിയാനുള്ള സ്രോതസ്സുകൾ ചിലപ്പോൾ നമുക്ക് ലഭ്യമല്ലാതെ വരുന്നു. ഇതിനൊരു പരിഹാരമായി മലയാളികൾക്ക് കേരളത്തെകുറിച്ച് മാതൃഭാഷയിൽ അറിയാൻ കഴിയുന്ന മഹത്തായ ഒരു സംരംഭമാണ് ‘മലയാളം വിക്കിപീഡിയ’. 
നമുക്കറിയുന്നതും മറ്റുള്ളവർ അറിയേണ്ടതുമായ വിവരങ്ങൾ എല്ലാവർക്കും ഉപയോഗിക്കാനായി എഴുതിചേർത്താൽ അത് ഭാവിതലമുറക്ക് പ്രയോജനപ്പെടും. അതിനുള്ള ഒരു പ്രവർത്തനമാണ് മലയാളം വിക്കിപീഡിയ എന്ന സ്വതന്ത്ര വിജ്ഞാനകോശം വിപുലീകരിക്കൽ.
                        വിക്കിപീഡിയയുടെ പത്താം വാർഷികാഘോഷവും മലയാളം വിക്കിപീഡിയയുടെ എട്ടാം വാർഷികാഘോഷവും 2011 ജനവരി 15ന് കണ്ണൂരിൽ വെച്ച് ആഘോഷിച്ചു. പിറന്നാൾ ആഘോഷത്തോടൊപ്പം വിക്കിപീഡിയയുടെ പ്രവർത്തനങ്ങളെ കുറിച്ച് വിശദീകരണവും ശില്പശാലയും നടന്നു. ജില്ലാ ലൈബ്രറി കൌൺസിലും കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെയും നേതൃത്വത്തിലാണ് വിക്കിപീഡിയയുടെ പിറന്നാൾ സംഘടിപ്പിച്ചത്.
പരിപാടികളിൽ പങ്കെടുക്കാനായി കണ്ണൂർ കാൽടെക്സിലുള്ള, ‘ജില്ലാ ലൈബ്രറി കൌൺസിൽ ഹാളിൽ’ എത്തിച്ചേർന്നവർ ആദ്യമായി ഒരു ഫോറത്തിൽ ബയോഡാറ്റ പൂരിപ്പിച്ചതിനു ശേഷമാണ് സദസ്സിൽ കടന്നത്. വിക്കിപീഡിയയുടെ എബ്ലം പ്രിന്റ് ചെയ്ത ഓരോ യൂനിഫോം കൂടി എല്ലാവർക്കും ലഭിച്ചിരുന്നു. 
                           പരിപാടികൾ ആരംഭിക്കുന്നത് അനുശോചനത്തോടെ ആയിരുന്നു. നാടിനെ നടുക്കിയ ഒരു ദുരന്തമായി, ശബരിമലയിൽ വെച്ച് അപകടത്തിൽ മരിച്ചവരുടെ ഓർമ്മക്ക് അനുശോചനം ചേർന്ന് രണ്ട് മിനിറ്റ് മൌനം ആചരിച്ചു.

                         ജില്ലാ ലൈബ്രറി കൌൺസിൽ സെക്രട്ടറി, ശ്രീ. പി. കെ. ബൈജു ആഘോഷത്തിൽ പങ്കാളികളായ എല്ലാവരെയും സ്വാഗതം ചെയ്തു. പരിപാടികളുടെ അദ്ധ്യക്ഷൻ ശാസ്ത്രസാഹിത്യ പരിഷത്ത് കണ്ണൂർ ജില്ലാ സെക്രട്ടറി ശ്രീ ടീ. വി. നാരായണൻ ആയിരുന്നു.
                       
          പരിപാടികളുടെ ആമുഖം ശ്രീ. വിജയകുമാർ ബ്ലാത്തൂർ നടത്തി. ഇന്റർനെറ്റ് ഉപയോഗിക്കാത്തവർ പലരും വിക്കിപീഡിയ എന്ന് ആദ്യമായി കേൾക്കുന്നവരാണെന്ന് അദ്ദേഹം പറഞ്ഞു. യോഗത്തിൽ എത്തിച്ചേർന്നവരെല്ലാം കണ്ണൂർ ജില്ലയിലെ വിവിധ തലങ്ങളിലുള്ളവരാണെന്നും അവർ ചേർന്ന ഒരു കൂട്ടായ്മയാണ് ഇവിടെ നടക്കുന്നതെന്നും പറഞ്ഞശേഷം വിക്കിപീഡിയയുടെ ആവശ്യം വിശദീകരിച്ചു. കണ്ണൂരിലെ പല സ്ഥലത്തെക്കുറിച്ചും സംസ്ക്കാരങ്ങളെക്കുറിച്ചും വിക്കിയിൽ ചെർക്കാൻ ഈ കൂട്ടായ്മ പ്രയോജനപ്പെടും എന്ന് വിജയകുമാർ ബ്ലാത്തൂർ വിശദമാക്കി.
                     പരിപാടികൾ ഉദ്ഘാടനം ചെയ്തത് ഡോ. ബി. ഇക്ബാൽ ആയിരുന്നു. ഉദ്ഘാടനത്തിന്റെ സവിശേഷത അത് ഓൺലൈൻ ആയിരുന്നു എന്നതാണ്. കണ്ണൂരിൽ വെച്ച് നടക്കുന്ന വിക്കിപീഡിയയുടെ പത്താം വാർഷികാഘോഷം ഡോ. വി ഇക്ബാൽ തിരുവനന്തപുരത്ത് ഓഫീസിൽ ഇരുന്ന്‌കൊണ്ട് ഉദ്ഘാടനം ചെയ്തത് എല്ലാവരും ആവേശത്തോടെ സ്ക്രീനിൽ നോക്കിക്കണ്ടു. ഇന്റർനെറ്റ് ലോകത്തിൽ മനുഷ്യർ തമ്മിലുള്ള അകലം കുറയുന്നു എന്നതിന്റെ ഉത്തമ ദൃഷ്ടാന്തം. അദ്ദേഹം സ്വതന്ത്ര സോഫ്റ്റ്‌വെയറിനെക്കുറിച്ച് വിശദീകരിച്ചു. അതുപോലെ സ്വതന്ത്രമായി ഉപയോഗിക്കാവുന്ന വിക്കി എന്ന കൂട്ടായ്മയിൽ ഇന്റർനെറ്റ് ഉപയോഗിക്കുന്ന ആർക്കും വിജ്ഞാനം സംഭാവന ചെയ്യാനും തിരുത്താനും കഴിയും. കണ്ണൂരിൽ ഉള്ള പ്രധാനപ്പെട്ട അറിവുകളൊക്കെ നമ്മുടെ മാതൃഭാഷയിൽ എഴുതിച്ചേർക്കണമെന്ന് ഡോ. ഇക്ബാൽ ഉദ്ഘാടനവേളയിൽ പറഞ്ഞു.

                        വിക്കിയുടെ പത്താം വാർഷികാഘോഷത്തിൽ പങ്കെടുക്കാൻ വന്നവർ ഓരോരുത്തരായി പിന്നീട് സ്വയം പരിചയപ്പെടുത്തി. ക്ലാസ്സിൽ വന്നവരെ തിരിച്ചറിയാൻ ഈ പരിചയപ്പെടുത്തൽ വളരെ സഹായിച്ചു എന്ന് പറയാം. പലരും ബ്ലോഗിംഗ് രംഗത്ത് സജീവമായി പ്രവർത്തിക്കുന്നവരാണെന്ന് തിരിച്ചറിയാൻ കഴിഞ്ഞു.

                      പിന്നീട് ഡോ. മഹേഷ് മംഗലാട്ട് മലയാളം വിക്കിപീഡിയയെ പരിചയപ്പെടുത്തി. എന്തൊക്കെ നമുക്ക് വിക്കിപീഡിയയിൽ നിന്ന് ലഭിക്കും എന്നും എന്തൊക്കെ നമ്മൾ പ്രതീക്ഷിക്കുന്നു എന്നും ചർച്ച ചെയ്തു. പത്ത് വർഷം മുൻപ്ഇംഗ്ലീഷിൽ ആരംഭിച്ച വിക്കിപീഡിയ എന്ന സ്വതന്ത്ര വിജ്ഞാനകോശം മറ്റു ഭാഷകളിലേക്ക് വ്യാപിച്ചത് വളരെ പെട്ടെന്ന് ആയിരുന്നു. മലയാളം വിക്കിയുടെ എട്ടാം വാർഷികമാണ്. വിക്കിപീഡിയയെകുറിച്ച് വിശദമായ അറിവ് നൽകാൻ മഹേഷ് മംഗലാട്ടിന് കഴിഞ്ഞു. വിക്കിപീഡിയയുടെ ആരംഭവും അത് പരിപോഷിപ്പിച്ചവരെ കുറിച്ചും വിശദമാക്കി. മലയാളത്തിലുള്ള വിജ്ഞാനശേഖരത്തിന്റെ അളവ് ഇപ്പോൾ ഉള്ളതിനെക്കാൾ വർദ്ധിപ്പിക്കണമെന്ന് അദ്ദേഹം പറഞ്ഞു. പുതിയ ലേഖനങ്ങൾ എഴുതുകയും പഴയവ വിപുലീകരിക്കുകയും തെട്ടായ വിവരങ്ങൾ തിരുത്തുകയും ചെയ്ത് വിജ്ഞാനം വർദ്ധിപ്പിക്കുന്ന ഒരു മഹായജ്ഞമാണ് നമ്മുടെ വിക്കിപീഡിയ എന്ന് എല്ലാവരും അംഗീകരിച്ചു.

                       ചോറും സാമ്പാറും തൈരും ഉൾപ്പെട്ട ഉച്ചയൂണിനുശേഷം ശ്രീ. പി. സിദ്ധാർത്ഥ് ക്ലാസ്സെടുത്തു. മലയാളം വിക്കിപീഡിയയിൽ കടക്കുന്നതു മുതൽ അദ്ദേഹം വിശദമാക്കി. ബ്ലോഗും വിക്കിപീഡിയയും തമ്മിലുള്ള വ്യത്യാസം വിശദമാക്കി. ബ്ലോഗ് സ്വന്തം രചനയാണ്, അത് മറ്റുള്ളവർക്ക് എഡിറ്റ് ചെയ്യാനാവാത്തതാണ്. എന്നാൽ വിക്കിപീഡിയയിൽ നമ്മൾ നൽകിയ വിവരം അടുത്ത നിമിഷം തന്നെ മറ്റൊരാൾക്ക് എഡിറ്റ് ചെയ്ത് മാറ്റാനാവും, തെറ്റുകൾ ഉണ്ടെങ്കിൽ തിരുത്തപ്പെടും. തുടർന്ന് വിവിധഭാഷകളിലെ വിക്കിപീഡിയയെകുറിച്ച് അല്പം വിശദീകരിച്ചു. ഇന്റർനെറ്റിൽ കടന്ന്, ഒട്ടും ലാഭം ഇല്ലാതെ സ്വമനസ്സാലെ ചെയ്യുന്ന സേവനമാണ് വിക്ക്പീഡിയയിലെ വിജ്ഞാനവിപുലീകരണം.
                         വിക്കിപീഡിയയിൽ എഡിറ്റ് ചെയ്യുന്നത് ഡിസ്‌പ്ലെ ചെയ്ത് വിശദീകരിച്ചത്, ശ്രീ. കെ അനൂപ് ആയിരുന്നു. വിക്കി പദ്ധതികൾ, ഒറ്റവരിലേഖന നിർമ്മാർജ്ജനം, വിക്കി നിഘണ്ടു, വിക്കി ചൊല്ലുകൾ, വിക്കി ഗ്രന്ഥശാല, സമീപകാലതിരുത്തുകൾ, എന്നിവയെല്ലാം വിശദമായി ചെയ്ത് കാണിച്ചുതന്നു. പുതിയ ലേഖനം തുടങ്ങുന്നതും തിരുത്തുന്നതും കൂട്ടിച്ചേർക്കുന്നതും തിരിച്ചറിയാൻ കഴിഞ്ഞു.

                         വൈകുന്നേരം കെയ്ക്ക് മുറിച്ച് വിക്കിപീഡിയയുടെ പത്താം പിറന്നാൾ ആഘോഷിച്ചു. പിറന്നാൾ മധുരം പങ്കിട്ടതിനു ശേഷം സംശയങ്ങൾക്ക് മറുപടികൾ പറഞ്ഞു. സംവാദത്തിൽ പങ്കാളികളായവരെല്ലാം കണ്ണൂരിൽ ഇനിയും ഒത്തുകൂടാൻ തീരുമാനിച്ചു.
                       ഒടുവിൽ ശ്രീ. കെ. ഗോപി നന്ദി പറഞ്ഞതോടെ വിക്കിപീഡിയയുടെ പത്താം പിറന്നാളും മലയാളം വിക്കിപീഡിയയുടെ എട്ടാം വാർഷികാഘോഷവും പൂർത്തിയായി. 

 ഏതാനും ചിത്രങ്ങൾക്ക് കടപ്പാട്: വിക്കിപീഡിയ

6 comments:

Unknown said...

gud ..congrts

റാണിപ്രിയ said...

ഞാനറിഞ്ഞിരുന്നില്ല ...

എന്തായാലും പരിപാടി ഗംഭീരം ആയി അല്ലേ?
അഭിനന്ദനങ്ങള്‍ ....

ബെഞ്ചാലി said...

അഭിനന്ദനങ്ങള്‍.

Unknown said...

അഭിനന്ദനങള്‍

Naushu said...

അഭിനന്ദനങ്ങള്‍ ....

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

വളരെ ഹൃദ്യമായി വിഷയവും അവതരണവും.