Sunday, 6 November 2011

സൈബർ മീറ്റ്, കണ്ണൂർ

കണ്ണൂരിൽ ഒരു സൈബർ കൂട്ടായ്മ,,,
              ഇന്റർനെറ്റ് ലോകത്ത് ജീവിക്കുന്നവർ ആഗ്രഹിക്കുന്ന ഒരു മഹാസംഭവമാണ് 2011 സപ്തംബർ 11ന് നടന്നത്. ഇങ്ങനെ ഒരു കൂട്ടായ്മ നടക്കാൻ വേദി ഒരുങ്ങിയത് കണ്ണൂർ ജവഹർ ലൈബ്രറി ഹാളിലാണ്. ബ്ലോഗ്, ഫെയ്സ്‌ബുക്ക്, ഓർക്കുട്ട്, ചാറ്റ് എന്നിവയിൽ ഒളിഞ്ഞും തെളിഞ്ഞു വരാറുള്ള മനുഷ്യരെ ജീവനോടെ കണ്ടപ്പോൾ എല്ലാവരും പരസരം മറന്ന് പരസ്പരം നോക്കിനിന്നു.

                        സൈബർ കൂട്ടായ്മ എന്നാണ് പേരെങ്കിലും പങ്കെടുത്തവർ മിക്കവാറും ബ്ലോഗർ ആയി അറിയപ്പെടുന്നവരാണ്. കാരണം, ഒരു മലയാളി ഇന്റർനെറ്റിൽ കടക്കാൻ തുടങ്ങിയാൽ മുന്നോട്ട് പോയിക്കൊണ്ടേയിരിക്കും. വെറുമൊരു ഇ.മെയിലിൽ തുടങ്ങിയത് ചാറ്റിലും ഓർക്കുട്ടിലും കടന്ന് ബ്ലോഗിലൂടെ അങ്ങനെയങ്ങനെ മുന്നോട്ട് സഞ്ചരിക്കും. ഇന്റർനെറ്റിൽ പുത്തനായി കണ്ടെത്തിയതെല്ലാം മലയാളികൾ സന്തോഷപൂർവ്വം സ്വാഗതം ചെയ്യും. 
 ആദ്യം റെജിസ്ട്രേഷൻ,,, കുമാരൻ, ബിനസി എന്നിവർ മീറ്റിൽ വന്നവരെ സ്വീകരിക്കുന്ന തിരക്കിൽ
                       നമ്മുടെ സൈബർ മീറ്റ്, ഉദ്ഘാടനം അദ്ധ്യക്ഷപ്രസംഗം തുടങ്ങിയവയൊന്നും കൂടാതെ നേരിട്ട് ആരംഭിക്കുകയാണ്. രാവിലെ മുതൽ ഉച്ചഭക്ഷണം വരെ മീറ്റിൽ പങ്കെടുത്തവൽ സ്വയം പരിചയപ്പെടുകയും പരിചയപ്പെടുത്തുകയും ചെയ്യുന്നതോടൊപ്പം ബ്ലോഗർമാരുടെ സംശയങ്ങൾക്ക് മറുപടി പറഞ്ഞു. ഓരോരുത്തരും അവരുടെതായ കഴിവുകൾ കാണികൾക്കിടയിൽ പ്രകടിപ്പിച്ചു. കേരളത്തിന്റെ വിവിധയിടങ്ങളിൽ ചിതറിക്കിടക്കുന്ന ബ്ലോഗർമാർ ആശയവിനിമയം നടത്തി കണ്ണൂർ സൈബർ മീറ്റ് ഒരു മഹാസംഭവമാക്കി മാറ്റി.
   ‘സൈബർ മീറ്റ് ആരംഭിക്കാൻ അക്ഷമയോടെ കാത്തിരിക്കുന്നവർ’
                         കണ്ണൂരിൽ മീറ്റ് സപ്തംബർ 11ന് ഞായറാഴ്ച ആണെങ്കിലും തലേദിവസം വൈകുന്നേരം‌തന്നെ മാടായിപാറയിൽ മീറ്റ് ആരംഭിച്ചിരുന്നു. കണ്ണൂരിൽ ലാന്റ് ചെയ്തപലരും മാടായിപാറയിൽ എത്തിച്ചേരാനായി ‘റോഡുകൾ‌തേടി നടക്കുന്നത് കണ്ട്’ സംശയിച്ച നാട്ടുകാർ പോലീസിനെ വിവരം അറിയിച്ചതായി അറിയാൻ കഴിഞ്ഞു. ഏതായാലും അപകടമൊന്നും കൂടാതെ മാടായിപാറയിലെത്തിയപ്പോൾ ഒരിക്കലും വറ്റാത്ത ജലാശയവും പൂക്കളുടെ ഫോട്ടോകളും ക്യാമറയിലാക്കി അവർ സംതൃപ്തിയടഞ്ഞു. മീറ്റിനുള്ള ആഹാരം തയ്യാറാക്കിയിട്ട് അതിസാഹസികമായി റോഡുകൾ കണ്ടുപിടിച്ച്, കണ്ണൂരിൽ എത്തിച്ചവർക്ക് അഭിനന്ദനങ്ങളുടെ പൂത്തിരികൾ.
 കെ. പി. സുകുമാരൻ അഞ്ചരക്കണ്ടി സൈബർ ലോകത്തെക്കുറിച്ച് വിവരിക്കുന്നു, സമീപം മോഡറേറ്റർ ‘ഷറീഫ് കൊട്ടാരക്കര’
                       ബ്ലോഗർമാരെ പരിചയപ്പെടുത്തുന്ന മോഡറെറ്ററായി ‘ഷെറീഫ് കൊട്ടാരക്കര’ ആദ്യാവസാനം ഉണ്ടായിരുന്നു. ഉച്ചഭക്ഷണം സമൂഹ ഓണസദ്യ ആയിരുന്നു. തുമ്പപ്പു ചോറിനോടൊപ്പം ഉപ്പേരിയും കാളനും കൂട്ടുകറിയും സാമ്പാറും അവിയിലും ഓലനും പപ്പടവും പായസവും ചേർന്ന സദ്യയുടെ രുചി എന്നെന്നും ഓർക്കും. പിന്നെ ഊണ് കഴിക്കാൻ തൊട്ടടുത്ത കെട്ടിടത്തിന്റെ മൂന്നാം നിലയിൽ കയറിയതുകൊണ്ട് പതിവിൽ കൂടുതൽ ഭക്ഷണം എല്ലാവരും കഴിച്ചു.
 “ഈ ഫോട്ടോഗ്രാഫർമാർ മര്യാദക്കൊന്ന് പറയാനും വിടില്ല”
                        ഫോട്ടോഗ്രാഫർമാരുടെ തിരക്ക് ആദ്യാവസാനം ഉണ്ടായിരുന്നു, ക്യാമറ ഇല്ലാത്തവർ വിരളമായിരുന്നു. മീറ്റിന്റെ ഓർമ്മക്കായി എല്ലാവരും ചേർന്ന ഗ്രൂപ്പ്‌ഫോട്ടൊ എടുത്തു. നാടൻ‌പാട്ടും മാജിക്കുകളും കാണിച്ച് മറക്കാനാവാത്ത അനുഭവങ്ങൾ പങ്ക് വെക്കാൻ കണ്ണൂർ സൈബർ മീറ്റിന് കഴിഞ്ഞു എന്ന് പറയാം.
  “ഇതൊരു ചെറിയ മാജിക്ക്”
ഉച്ചക്ൿശേഷം തൃശ്ശൂർ ആകാശവാണി ഡയറക്റ്റർ, ഡി. പദീപ് കുമാർ ‘ഇ-എഴുത്ത്, ബ്ലോഗിങ്ങ്’ എന്നിവയെക്കുറിച്ച് ക്ലാസെടുത്തു. കണ്ണൂരിലെ കോളേജ് വിദ്യാർത്ഥികൾ ക്ലാസ്സിൽ പങ്കെടുത്തു. ബ്ലോഗിലെ വിവിധ രചനകളെക്കുറിച്ചു ബ്ലോഗ് മാധ്യമത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും ചർച്ചകൾ നടന്നു.
 ‘തൃശ്ശൂർ ആകാശവാണി ഡയറക്റ്റർ, ഡി. പദീപ് കുമാർ വിദ്യാർത്ഥികൾക്ക് ബ്ലോഗിങ്ങിനെക്കുറിച്ച് ക്ലാസ്സ് എടുക്കുന്നു’
ഇവിടെ ഏതാനും ഫോട്ടോകൾ മാത്രം പോസ്റ്റ് ചെയ്യുന്നു, കൂടുതൽ ഫോട്ടോ മറ്റുള്ള ബ്ലോഗുകളിൽ കാണാം.
  ‘ബ്ലോഗർ മിനി, അതായത് ഞാൻ സ്വയം പരിചയപ്പെടുത്തുന്നു’
 ‘സദസിലുള്ളവരെ ചില പൊടിക്കൈകൾ പഠിപ്പിക്കുന്നത്, മുക്താർ ഉദരം‌പൊയിൽ’
 ‘മുക്താർ പറയുന്നത് നോക്കി കണ്ണും മൂക്കും കണ്ടെത്തുന്ന സദസ്യർ’
 ‘ലീല ടീച്ചർ പുസ്തക പരിചയം നടത്തുന്നു, ബ്ലോഗർമാരെ സഹായിക്കാൻ സി.എൽ.എസ്. ബുക്സ് തയ്യാർ’
 ‘ഇത് ചിത്രകാരൻ, ഏതാനും ദിവസം മുൻപ് ഒരു വിവാഹം കഴിച്ചതിന്റെ ക്ഷീണത്തിലാണ്’
 ‘മാത്‌സ് ബ്ലോഗ് ടീം’ ന്റെ മുഖ്യധാര പ്രവർത്തകനായ ജനാർദ്ദനൻ മാസ്റ്റർ, ഇപ്പോൾ നാടൻപാട്ട് പാടി എല്ലാവരെയും രസിപ്പിക്കുകയാണ്’
 ‘സായിപ്പിനെ മാജിക്ക് പഠിപ്പിക്കുന്ന വലിയ മനുഷ്യൻ, മുരളി മുകുന്ദൻ ബിലാത്തിപട്ടണം. മാജിക്കിന്റെ സൂത്രങ്ങൾ ധാരാളം’
 “മെ വിധു ചോപ്രാ ഹെ, ഹൈ, ഹൊ, ഹും” 
‘പേരിനു പിന്നിൽ എന്തോ ഒരു ഇത്, ഒറിജിനൽ കണ്ണൂർക്കാരൻ തന്നെയാ’
 ‘കുമാരൻ ഒരു സംഭവം പരിചയപ്പെടുത്തുന്നു, തൊട്ടടുത്ത് ബിജു കൊട്ടില’
 ‘ഇനിയും ആരെങ്കിലും വരാനുണ്ടോ? ആകെ ക്ഷീണിച്ചു, ഇനിയൊന്നിരിക്കട്ടെ; ഷെറീഫ് കൊട്ടാരക്കര’

Friday, 3 June 2011

മലയാളം വിക്കിപ്രവർത്തകസംഗമം, കണ്ണൂർ

                    വിക്കിമീഡിയ ഫൗണ്ടേഷന്റെ വിവിധ മലയാളം വിക്കിസംരംഭങ്ങളിലെ സന്നദ്ധ സേവകരുടെ ‘വിക്കിപ്രവർത്തകസംഗമം 2011’ ജൂൺ 11 ശനിയാഴ്ച രാവിലെ 10 മണി മുതൽ മുതൽ 5 മണി വരെ കണ്ണൂർ ജില്ലാ ലൈബ്രറി കൗൺസിൽ ഹാളിൽ വച്ച് സംഘടിപ്പിക്കുന്നു. ചടങ്ങ് ജൂൺ 11-നു് രാവിലെ പത്തു മണിക്ക് കേരള സർവ്വകലാശാലയുടെ മുൻ വൈസ് ചാൻസലറും, സാമൂഹ്യ പ്രവർത്തകനുമായ ബി.ഇക്ബാൽ ഉദ്ഘാടനം ചെയ്യും. മലയാളം വിക്കിപ്രവർത്തകർ സംഘടിപ്പിക്കുന്ന നാലാമത്തെ വിക്കി സംഗമമാണിത്.
                      കണ്ണൂർ ജില്ലാ ലൈബ്രറി കൗൺസിൽ, കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് കണ്ണൂർ ജില്ലാഘടകം, മലയാളം വിക്കിപദ്ധതികളുടെ പ്രവർത്തനത്തിൽ തൽ‌പരരായ വിവിധ സന്നദ്ധസംഘടനകൾ തുടങ്ങിയവയുടെ സഹകരണത്തോടെയാണ്‌ ഇപ്രാവശ്യത്തെ മലയാളം വിക്കിസംഗമം സംഘടിപ്പിക്കുന്നത്. സജീവമലയാളം വിക്കിപ്രവർത്തകർക്കു പുറമേ വിക്കിമീഡിയ ഫൗണ്ടേഷനെ പ്രതിനിധീകരിച്ച് ടോറി റീഡ്, ബിശാഖ ദത്ത, ഹിഷാം മുണ്ടോൽ എന്നിവർ പങ്കെടുക്കുന്നു എന്നതാണ് ഇത്തവണത്തെ സംഗമത്തിന്റെ പ്രത്യേകത. പരിപാടിയുടെ വിശദാംശങ്ങൾ താഴെ:
പരിപാടി
മലയാളം വിക്കിപ്രവർത്തകസംഗമം 2011
സമയം
രാവിലെ 10.00 മണി മുതൽ വൈകുന്നേരം 5:00 മണി വരെ
ആർക്കൊക്കെ പങ്കെടുക്കാം?
വിക്കിമീഡിയ ഫൗണ്ടേഷന്റെ വിക്കി സംരംഭങ്ങളിൽ പ്രവർത്തിച്ചു പരിചയമുള്ള ആർക്കും പങ്കെടുക്കാം.
കാര്യപരിപാടികൾ
മലയാളം വിക്കിസംരംഭങ്ങളുടെ പ്രവർത്തന റിപ്പോർട്ട്, മലയാളം വിക്കിഗ്രന്ഥശാലയിലെ തിരഞ്ഞെടുത്ത ഗ്രന്ഥങ്ങൾ ഉൾക്കൊള്ളുന്ന സി.ഡി.യുടെ പ്രകാശനം, മലയാളത്തിലുള്ള വിക്കിസംരംഭങ്ങളുടെ പ്രസക്തിയെ കുറിച്ചുള്ള സെമിനാർ, പത്രസമ്മേളനം.
സ്ഥലം
ജില്ലാ ലൈബ്രറി കൗൺസിൽ ഹാൾ, കാൽടെക്സ് , കണ്ണൂർ - 2
എത്തിച്ചേരാനുള്ള വഴി
കണ്ണൂർ നഗരത്തിലെ കാൽടെക്സ് ജംഗ്‌ഷനു സമീപത്തുള്ള ഇന്ത്യൻ കോഫീ ഹൗസിനു തൊട്ടടുത്താണ് കണ്ണൂർ ജില്ലാ ലൈബ്രറി കൗൺസിലിന്റെ കെട്ടിടം സ്ഥിതി ചെയ്യുന്നത്.
രജിസ്‌ട്രേഷൻ
പരിപാടിക്ക് രജിസ്റ്റർ ചെയ്യാൻ help@mlwiki.in എന്ന വിലാസത്തിലേക്കു് ഇമെയിൽ അയക്കുകയോ, 9747555818, 9446296081 എന്നീ നമ്പറുകളിൽ ഏതെങ്കിലുംഒന്നിൽ വിളിക്കുകയോ ചെയ്തു് പങ്കെടുക്കാനുള്ള താങ്കളുടെ താല്പര്യം അറിയിക്കുക.
വിക്കിമീഡിയ ഫൗണ്ടേഷന്റെ വിക്കി സംരംഭങ്ങളിൽ പ്രവർത്തിക്കുന്ന എല്ലാവരേയും പരിപാടിയിലേക്ക് ക്ഷണിക്കുന്നു.
Ml wiki meet 04 kannur 2011 poster

Wednesday, 11 May 2011

സൈബർ മീറ്റ് കണ്ണൂരിൽ

പ്രിയപ്പെട്ട സുഹൃത്തുക്കളേ,

തിറകളുടെയും തെയ്യങ്ങളൂടെയും നാട്ടിലേക്ക് എല്ലാ സൈബർ കൂട്ടുകാർക്കും സ്വാഗതം ..

കലയൂം ചരിത്രവും ഉറങ്ങുന്ന കണ്ണൂരിന്റെ ഹൃദയത്തിൽ സൈബർ ലോകത്തിന്റെ പുതിയൊരു കൈയ്യൊപ്പു കൂടെ എഴുതിച്ചേർക്കാൻ പോകുന്ന വിവരം എല്ലാവരും അറിഞ്ഞു കാണുമല്ലോ ..
മലയാള ഭാഷയും മലയാളവും മരിക്കുന്നു എന്നു കൊട്ടിഘോഷിച്ചവരോട് വെല്ലുവിളികളുടെ കാഹളം മുഴക്കി ഇന്റർ നെറ്റെന്ന ഉടവാൾ കൈയ്യിലെടുത്തവരാണു നമ്മൾ .
ചരിത്രവും പൈതൃകവും മറക്കാതെ ഔന്നിത്യങ്ങളിൽ മലയാളം എന്ന ഒരുമയെ കയറ്റിയിരുത്തിയവർ . ജാതി മത രാഷ്ട്രീയ ഭേതമന്ന്യേ കൈകോർത്ത് . മലയാള ഭാഷയെയും ഈ എഴുത്തിനെയും നെഞ്ചോട് ചേർത്തവർ . ഇവരെ എല്ലാം ഒന്നു കാണാൻ എഴുത്തിലൂടെയും പൊട്ടിച്ചിരിപ്പിക്കുന്ന കമന്റുകളിലൂടെയും നുറുങ്ങു സംഭാഷണത്തിലൂടെയും വിനിമയം ചെയ്യപ്പെട്ടവർ പരസ്പരം കണ്ട് സംസാരിക്കാൻ ഒരു വേദിയൊരുക്കുക എന്നത് ഏറെ കാലമായി മലയാളം ബ്ലോഗ്ഗർ എന്ന നിലയിൽ കണ്ണൂരുള്ള ബ്ലോഗർ മാർ കൂടിയാലോചനകൾ തുടങ്ങിയിട്ട് . അതിനൊരു സാക്ഷാത്കാരമാവുകയാണു ഈ വരുന്ന സെപ്തമ്പർ 11 കണ്ണൂർ ജവഹർ ലൈബ്രറി ഹാളിൽ വച്ച് നടക്കാൻ പോകുന്ന കണ്ണൂർ സൈബർ മീറ്റ് -2011. ഈ മീറ്റിന്റെ വിജയത്തിനായി , പ്രശസ്ത ബ്ലോഗ്ഗർ ചിത്രകാരൻ, ബിജുകുമാർ ആലക്കോട്, ബിജു കൊട്ടില, ജീവൻ ഫിനിക്സ്, കുമാരൻ, എന്നിവരുടെ മേൽ നോട്ടത്തിൽ പ്രാരംഭ പ്രവർത്തനങ്ങൾ തൂടങ്ങിക്കഴിഞ്ഞു.. അതിന്റെ ഭാഗമായി . മീറ്റിന്റെ ലോഗോ ഔദ്യോദികമായി ഇവിടെ പ്രസിദ്ധീകരിക്കുന്നു . ഈ മീറ്റിന്റെ പരിപൂർണ്ണ വിജയത്തിനായി ബ്ലോഗ്, ഫേസ്ബുക്ക്, ഓർക്കുട്ട്, കൂട്ടം , ട്വിറ്റർ തുടങ്ങിയ സൈബർ രംഗത്തെ എല്ലാ സൌഹൃദങ്ങളെയും , ക്ഷണിച്ചു കൊള്ളുന്നു. ഈ ലോഗോയും മീറ്റിന്റെ പ്രചരണവും പരസ്പരം കൈമാറും എന്ന വിശ്വാസത്തോടെ
സംഘാടക സമിതി.....

Wednesday, 19 January 2011

വിക്കിപീഡിയ പത്താം വാർഷികാഘോഷം, കണ്ണൂർ


                      ‘എല്ലാ അറിവുകളും മനുഷ്യന്റെ വിരൽത്തുമ്പിൽ ലഭ്യമാണ്’ എന്ന് പറയുന്നത്, ശരിയാണെന്ന് കാലം തെളിയിച്ചിരിക്കയാണ്. കമ്പ്യൂട്ടർ തുറന്ന്, ഇന്റർനെറ്റിൽ കടന്ന്, സെർച്ച് ചെയ്താൽ ഏത് സംശയവും പരിഹരിക്കാൻ കഴിയുന്ന കാലമാണിത്. എന്നാൽ നമ്മുടെ സ്വന്തം നാടായ കേരളത്തിലുള്ള, നമ്മുടെ സ്വന്തം കാര്യങ്ങളെകുറിച്ച് പലതും അറിയാനുള്ള സ്രോതസ്സുകൾ ചിലപ്പോൾ നമുക്ക് ലഭ്യമല്ലാതെ വരുന്നു. ഇതിനൊരു പരിഹാരമായി മലയാളികൾക്ക് കേരളത്തെകുറിച്ച് മാതൃഭാഷയിൽ അറിയാൻ കഴിയുന്ന മഹത്തായ ഒരു സംരംഭമാണ് ‘മലയാളം വിക്കിപീഡിയ’. 
നമുക്കറിയുന്നതും മറ്റുള്ളവർ അറിയേണ്ടതുമായ വിവരങ്ങൾ എല്ലാവർക്കും ഉപയോഗിക്കാനായി എഴുതിചേർത്താൽ അത് ഭാവിതലമുറക്ക് പ്രയോജനപ്പെടും. അതിനുള്ള ഒരു പ്രവർത്തനമാണ് മലയാളം വിക്കിപീഡിയ എന്ന സ്വതന്ത്ര വിജ്ഞാനകോശം വിപുലീകരിക്കൽ.
                        വിക്കിപീഡിയയുടെ പത്താം വാർഷികാഘോഷവും മലയാളം വിക്കിപീഡിയയുടെ എട്ടാം വാർഷികാഘോഷവും 2011 ജനവരി 15ന് കണ്ണൂരിൽ വെച്ച് ആഘോഷിച്ചു. പിറന്നാൾ ആഘോഷത്തോടൊപ്പം വിക്കിപീഡിയയുടെ പ്രവർത്തനങ്ങളെ കുറിച്ച് വിശദീകരണവും ശില്പശാലയും നടന്നു. ജില്ലാ ലൈബ്രറി കൌൺസിലും കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെയും നേതൃത്വത്തിലാണ് വിക്കിപീഡിയയുടെ പിറന്നാൾ സംഘടിപ്പിച്ചത്.
പരിപാടികളിൽ പങ്കെടുക്കാനായി കണ്ണൂർ കാൽടെക്സിലുള്ള, ‘ജില്ലാ ലൈബ്രറി കൌൺസിൽ ഹാളിൽ’ എത്തിച്ചേർന്നവർ ആദ്യമായി ഒരു ഫോറത്തിൽ ബയോഡാറ്റ പൂരിപ്പിച്ചതിനു ശേഷമാണ് സദസ്സിൽ കടന്നത്. വിക്കിപീഡിയയുടെ എബ്ലം പ്രിന്റ് ചെയ്ത ഓരോ യൂനിഫോം കൂടി എല്ലാവർക്കും ലഭിച്ചിരുന്നു. 
                           പരിപാടികൾ ആരംഭിക്കുന്നത് അനുശോചനത്തോടെ ആയിരുന്നു. നാടിനെ നടുക്കിയ ഒരു ദുരന്തമായി, ശബരിമലയിൽ വെച്ച് അപകടത്തിൽ മരിച്ചവരുടെ ഓർമ്മക്ക് അനുശോചനം ചേർന്ന് രണ്ട് മിനിറ്റ് മൌനം ആചരിച്ചു.

                         ജില്ലാ ലൈബ്രറി കൌൺസിൽ സെക്രട്ടറി, ശ്രീ. പി. കെ. ബൈജു ആഘോഷത്തിൽ പങ്കാളികളായ എല്ലാവരെയും സ്വാഗതം ചെയ്തു. പരിപാടികളുടെ അദ്ധ്യക്ഷൻ ശാസ്ത്രസാഹിത്യ പരിഷത്ത് കണ്ണൂർ ജില്ലാ സെക്രട്ടറി ശ്രീ ടീ. വി. നാരായണൻ ആയിരുന്നു.
                       
          പരിപാടികളുടെ ആമുഖം ശ്രീ. വിജയകുമാർ ബ്ലാത്തൂർ നടത്തി. ഇന്റർനെറ്റ് ഉപയോഗിക്കാത്തവർ പലരും വിക്കിപീഡിയ എന്ന് ആദ്യമായി കേൾക്കുന്നവരാണെന്ന് അദ്ദേഹം പറഞ്ഞു. യോഗത്തിൽ എത്തിച്ചേർന്നവരെല്ലാം കണ്ണൂർ ജില്ലയിലെ വിവിധ തലങ്ങളിലുള്ളവരാണെന്നും അവർ ചേർന്ന ഒരു കൂട്ടായ്മയാണ് ഇവിടെ നടക്കുന്നതെന്നും പറഞ്ഞശേഷം വിക്കിപീഡിയയുടെ ആവശ്യം വിശദീകരിച്ചു. കണ്ണൂരിലെ പല സ്ഥലത്തെക്കുറിച്ചും സംസ്ക്കാരങ്ങളെക്കുറിച്ചും വിക്കിയിൽ ചെർക്കാൻ ഈ കൂട്ടായ്മ പ്രയോജനപ്പെടും എന്ന് വിജയകുമാർ ബ്ലാത്തൂർ വിശദമാക്കി.
                     പരിപാടികൾ ഉദ്ഘാടനം ചെയ്തത് ഡോ. ബി. ഇക്ബാൽ ആയിരുന്നു. ഉദ്ഘാടനത്തിന്റെ സവിശേഷത അത് ഓൺലൈൻ ആയിരുന്നു എന്നതാണ്. കണ്ണൂരിൽ വെച്ച് നടക്കുന്ന വിക്കിപീഡിയയുടെ പത്താം വാർഷികാഘോഷം ഡോ. വി ഇക്ബാൽ തിരുവനന്തപുരത്ത് ഓഫീസിൽ ഇരുന്ന്‌കൊണ്ട് ഉദ്ഘാടനം ചെയ്തത് എല്ലാവരും ആവേശത്തോടെ സ്ക്രീനിൽ നോക്കിക്കണ്ടു. ഇന്റർനെറ്റ് ലോകത്തിൽ മനുഷ്യർ തമ്മിലുള്ള അകലം കുറയുന്നു എന്നതിന്റെ ഉത്തമ ദൃഷ്ടാന്തം. അദ്ദേഹം സ്വതന്ത്ര സോഫ്റ്റ്‌വെയറിനെക്കുറിച്ച് വിശദീകരിച്ചു. അതുപോലെ സ്വതന്ത്രമായി ഉപയോഗിക്കാവുന്ന വിക്കി എന്ന കൂട്ടായ്മയിൽ ഇന്റർനെറ്റ് ഉപയോഗിക്കുന്ന ആർക്കും വിജ്ഞാനം സംഭാവന ചെയ്യാനും തിരുത്താനും കഴിയും. കണ്ണൂരിൽ ഉള്ള പ്രധാനപ്പെട്ട അറിവുകളൊക്കെ നമ്മുടെ മാതൃഭാഷയിൽ എഴുതിച്ചേർക്കണമെന്ന് ഡോ. ഇക്ബാൽ ഉദ്ഘാടനവേളയിൽ പറഞ്ഞു.

                        വിക്കിയുടെ പത്താം വാർഷികാഘോഷത്തിൽ പങ്കെടുക്കാൻ വന്നവർ ഓരോരുത്തരായി പിന്നീട് സ്വയം പരിചയപ്പെടുത്തി. ക്ലാസ്സിൽ വന്നവരെ തിരിച്ചറിയാൻ ഈ പരിചയപ്പെടുത്തൽ വളരെ സഹായിച്ചു എന്ന് പറയാം. പലരും ബ്ലോഗിംഗ് രംഗത്ത് സജീവമായി പ്രവർത്തിക്കുന്നവരാണെന്ന് തിരിച്ചറിയാൻ കഴിഞ്ഞു.

                      പിന്നീട് ഡോ. മഹേഷ് മംഗലാട്ട് മലയാളം വിക്കിപീഡിയയെ പരിചയപ്പെടുത്തി. എന്തൊക്കെ നമുക്ക് വിക്കിപീഡിയയിൽ നിന്ന് ലഭിക്കും എന്നും എന്തൊക്കെ നമ്മൾ പ്രതീക്ഷിക്കുന്നു എന്നും ചർച്ച ചെയ്തു. പത്ത് വർഷം മുൻപ്ഇംഗ്ലീഷിൽ ആരംഭിച്ച വിക്കിപീഡിയ എന്ന സ്വതന്ത്ര വിജ്ഞാനകോശം മറ്റു ഭാഷകളിലേക്ക് വ്യാപിച്ചത് വളരെ പെട്ടെന്ന് ആയിരുന്നു. മലയാളം വിക്കിയുടെ എട്ടാം വാർഷികമാണ്. വിക്കിപീഡിയയെകുറിച്ച് വിശദമായ അറിവ് നൽകാൻ മഹേഷ് മംഗലാട്ടിന് കഴിഞ്ഞു. വിക്കിപീഡിയയുടെ ആരംഭവും അത് പരിപോഷിപ്പിച്ചവരെ കുറിച്ചും വിശദമാക്കി. മലയാളത്തിലുള്ള വിജ്ഞാനശേഖരത്തിന്റെ അളവ് ഇപ്പോൾ ഉള്ളതിനെക്കാൾ വർദ്ധിപ്പിക്കണമെന്ന് അദ്ദേഹം പറഞ്ഞു. പുതിയ ലേഖനങ്ങൾ എഴുതുകയും പഴയവ വിപുലീകരിക്കുകയും തെട്ടായ വിവരങ്ങൾ തിരുത്തുകയും ചെയ്ത് വിജ്ഞാനം വർദ്ധിപ്പിക്കുന്ന ഒരു മഹായജ്ഞമാണ് നമ്മുടെ വിക്കിപീഡിയ എന്ന് എല്ലാവരും അംഗീകരിച്ചു.

                       ചോറും സാമ്പാറും തൈരും ഉൾപ്പെട്ട ഉച്ചയൂണിനുശേഷം ശ്രീ. പി. സിദ്ധാർത്ഥ് ക്ലാസ്സെടുത്തു. മലയാളം വിക്കിപീഡിയയിൽ കടക്കുന്നതു മുതൽ അദ്ദേഹം വിശദമാക്കി. ബ്ലോഗും വിക്കിപീഡിയയും തമ്മിലുള്ള വ്യത്യാസം വിശദമാക്കി. ബ്ലോഗ് സ്വന്തം രചനയാണ്, അത് മറ്റുള്ളവർക്ക് എഡിറ്റ് ചെയ്യാനാവാത്തതാണ്. എന്നാൽ വിക്കിപീഡിയയിൽ നമ്മൾ നൽകിയ വിവരം അടുത്ത നിമിഷം തന്നെ മറ്റൊരാൾക്ക് എഡിറ്റ് ചെയ്ത് മാറ്റാനാവും, തെറ്റുകൾ ഉണ്ടെങ്കിൽ തിരുത്തപ്പെടും. തുടർന്ന് വിവിധഭാഷകളിലെ വിക്കിപീഡിയയെകുറിച്ച് അല്പം വിശദീകരിച്ചു. ഇന്റർനെറ്റിൽ കടന്ന്, ഒട്ടും ലാഭം ഇല്ലാതെ സ്വമനസ്സാലെ ചെയ്യുന്ന സേവനമാണ് വിക്ക്പീഡിയയിലെ വിജ്ഞാനവിപുലീകരണം.
                         വിക്കിപീഡിയയിൽ എഡിറ്റ് ചെയ്യുന്നത് ഡിസ്‌പ്ലെ ചെയ്ത് വിശദീകരിച്ചത്, ശ്രീ. കെ അനൂപ് ആയിരുന്നു. വിക്കി പദ്ധതികൾ, ഒറ്റവരിലേഖന നിർമ്മാർജ്ജനം, വിക്കി നിഘണ്ടു, വിക്കി ചൊല്ലുകൾ, വിക്കി ഗ്രന്ഥശാല, സമീപകാലതിരുത്തുകൾ, എന്നിവയെല്ലാം വിശദമായി ചെയ്ത് കാണിച്ചുതന്നു. പുതിയ ലേഖനം തുടങ്ങുന്നതും തിരുത്തുന്നതും കൂട്ടിച്ചേർക്കുന്നതും തിരിച്ചറിയാൻ കഴിഞ്ഞു.

                         വൈകുന്നേരം കെയ്ക്ക് മുറിച്ച് വിക്കിപീഡിയയുടെ പത്താം പിറന്നാൾ ആഘോഷിച്ചു. പിറന്നാൾ മധുരം പങ്കിട്ടതിനു ശേഷം സംശയങ്ങൾക്ക് മറുപടികൾ പറഞ്ഞു. സംവാദത്തിൽ പങ്കാളികളായവരെല്ലാം കണ്ണൂരിൽ ഇനിയും ഒത്തുകൂടാൻ തീരുമാനിച്ചു.
                       ഒടുവിൽ ശ്രീ. കെ. ഗോപി നന്ദി പറഞ്ഞതോടെ വിക്കിപീഡിയയുടെ പത്താം പിറന്നാളും മലയാളം വിക്കിപീഡിയയുടെ എട്ടാം വാർഷികാഘോഷവും പൂർത്തിയായി. 

 ഏതാനും ചിത്രങ്ങൾക്ക് കടപ്പാട്: വിക്കിപീഡിയ

Wednesday, 12 January 2011

ജനുവരി 15 ന് വിക്കിപ്പീഡിയ വാര്‍ഷികാഘോഷം കണ്ണൂരില്‍ !


കണ്ണൂര്‍ കാല്‍ടെക്സില്‍ കാസര്‍ഗോഡ് റോഡിലുള്ള (ഇന്ത്യന്‍ കോഫി ഹൌസിനടുത്തുള്ള)കണ്ണൂര്‍ ജില്ലാ ലൈബ്രറിഹാളില്‍ വച്ചായിരിക്കും ആഘോഷ പരിപാടികള്‍. പരിപാടിയുടെ വിവരണം മുകളില്‍ കൊടുക്കുന്നു. ക്ലിക്കി വലുതാക്കി വായിക്കുക.പങ്കെടുക്കാനാകുന്നവര്‍ പങ്കെടുക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് ഇവിടെ(എന്റെ ഗ്രാമം :ഗവ.പോര്‍ട്ടല്‍ -കണ്ണൂര്‍) ക്ലിക്കിനോക്കുക.

Wednesday, 4 August 2010

കണ്ണൂരില്‍ ശാന്ത ടീച്ചറുടെ പുസ്തക പ്രകാശനവും, ബ്ലോഗ് മീറ്റും ആഗസ്ത് 14 ന്

ഒരു പരിചയപ്പെടുത്തലിന്റെ ആവശ്യമില്ല. ഇതാണ് ശാന്ത ടീച്ചര്‍. ശാന്ത കാവുമ്പായി എന്ന ബ്ലോഗര്‍. ബ്ലോഗില്‍ എല്ലാവര്‍ക്കും ശാന്ത കാവുമ്പായിയെ അറിയാം. അറിയാത്തവര്‍ താഴെ കാണുന്ന ഇമേജില്‍ ക്ലിക്ക് ചെയ്ത് വലുതാക്കി വായിക്കുക. ആ റിപ്പോര്‍ട്ട് എല്ലാം പറഞ്ഞു തരും. ടീച്ചര്‍ ബ്ലോഗില്‍ എഴുതിയ കവിതകള്‍ സമാഹരിച്ച് ഒരു പുസ്തകം പ്രസിദ്ധീകരിക്കുന്നു. ആഗസ്റ്റ് 14 ന് ശനിയാഴ്ച 3മണിക്കാണ് മോഹപ്പക്ഷി എന്ന ആ കവിതാസമാഹാരത്തിന്റെ പ്രകാശനം കണ്ണൂര്‍ ജവഹര്‍ ലൈബ്രറി ഹാളില്‍ വെച്ച് നടക്കുന്നത്.

ബ്ലോഗ് എഴുതാന്‍ പോകുന്നു എന്ന് പറഞ്ഞപ്പോള്‍ ടീച്ചറുടെ സഹപ്രവര്‍ത്തകര്‍ ആരും അത് ഗൌനിച്ചതേയില്ല. ഇപ്പോള്‍ ഒന്‍പതാം ക്ലാസിലെ പാഠഭാഗത്തില്‍ ബ്ലോഗിനെ പറ്റി പഠിപ്പിക്കേണ്ടതുണ്ട്. മറ്റ് അദ്ധ്യാപകരും ഇപ്പോള്‍ ടീച്ചറുടെ ആ ക്രാന്തദര്‍ശിത്വത്തെ അംഗീകരിക്കാന്‍ തുടങ്ങിയിരിക്കുന്നു. ആത്മസാക്ഷാല്‍ക്കാരത്തിന്റെ അപൂര്‍വ്വാവസരമാണ് മറ്റനേകം പേര്‍ക്കെന്ന പോലെ ബ്ലോഗ് ടീച്ചര്‍ക്കും നല്‍കിയത്. വിധി എന്നൊന്ന് ഉണ്ടെങ്കില്‍ ആ വിധിയോടുള്ള വെല്ലുവിളിയാണ് ടീച്ചറുടെ പുസ്തകത്തിന്റെ ഈ പ്രകാശനകര്‍മ്മം. പുസ്തകപ്രകാശനത്തോടൊപ്പം ചെറിയ തോതില്‍ ഒരു ബ്ലോഗ് സംഗമം കൂടി സംഘടിപ്പിച്ചാലോ എന്ന നിര്‍ദ്ദേശം മുന്നോട്ട് വെച്ചപ്പോള്‍ ടീച്ചര്‍ ആ നിര്‍ദ്ദേശം സഹര്‍ഷം സ്വാഗതം ചെയ്യുകയായിരുന്നു.

ഏതായാലും ആഗസ്റ്റ് പതിനാലാം തീയ്യതിയിലെ ശാന്ത ടീച്ചറുടെ പുസ്തകപ്രകാശന ചടങ്ങില്‍ ഞാനും പങ്കെടുക്കുന്നുണ്ട്. ബ്ലോഗ് എഴുതുന്നവരുടെയും വായിക്കുന്നവരുടേയും ഒരു കൂട്ടായ്മ കൂടി അന്നേ ദിവസം സംഘടിപ്പിക്കാന്‍ കഴിഞ്ഞിരുന്നുവെങ്കില്‍ നന്നായിരുന്നു. എല്ലാവര്‍ക്കും ഒന്ന് പരിചയപ്പെടാമല്ലൊ.
-കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടി

പ്രിയ ബ്ലോഗര്‍ സുഹൃത്തുക്കളെ,

ആഗസ്ത് 14 ലെ ബ്ലോഗ് മീറ്റ് ശാന്തടീച്ചറുടെ
പുസ്തകപ്രകാശന ചടങ്ങിനോടനുബന്ധിച്ച് ബ്ലോഗര്‍മാര്‍ക്ക്
നേരില്‍ കാണാനുള്ള ഒരു സന്ദര്‍ഭം എന്നനിലയില്‍
നമുക്ക് ഉപയോഗപ്പെടുത്താമെന്നാണ് കരുതുന്നത്.
ബ്ലോഗറായ ശാന്ത ടീച്ചറുടെ പ്രഥമ പുസ്തക പ്രകാശനം ബ്ലോഗര്‍മാരെന്ന നിലയില്‍ നമുക്കെല്ലാം അഭിമാനകരമാണെന്നതിനാല്‍ ഈ സദ്‌വാര്‍ത്ത കണ്ണൂര്‍ ബ്ലോഗ് അക്കാദമിയുടെ ബ്ലോഗിലൂടെ കൂടുതല്‍ ബ്ലോഗര്‍മാരുടെ ശ്രദ്ധയില്‍ കൊണ്ടുവരുന്നതിനായി
മാത്രമാണ് ഈ പോസ്റ്റ്. ബ്ലോഗ് അക്കാദമി
ഈ ചടങ്ങിന്റെ അഭ്യുദയ കാംക്ഷികള്‍ മാത്രമാണ്.

ഉദ്ഘാടകയുടെ സൌകര്യാര്‍ത്ഥം പുസ്തക പ്രകാശന ചടങ്ങിന്റെ സമയത്തില്‍ ചെറിയൊരു വ്യത്യാസം
വരുത്തിയതായി മനസ്സിലാക്കുന്നു.(ആഗസ്റ്റ്‌14 നു11 മണി) ഇതേക്കുറിച്ച് ആധികാരിക വിവരത്തിനായി ബ്ലോഗര്‍ ശാന്ത ടീച്ചറേയോ(പ്രിയ തോഴരേയും കാത്തു ഞാൻ), ബ്ലോഗര്‍ ഹാറൂണിനേയോ(ഒരു നുറുങ്ങ്), ചടങ്ങില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന ബ്ലോഗര്‍മാര്‍ ബന്ധപ്പെടണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

സസ്നേഹം.
ബ്ലോഗ് അക്കാദമി




Tuesday, 31 March 2009

കണ്ണൂര്‍ ശില്‍പ്പശാല പത്ര വാര്‍ത്തകള്‍

കണ്ണൂര്‍ ബ്ലോഗ് ശില്‍പ്പശാലയെക്കുറിച്ച് ഇന്നത്തെ പത്രങ്ങളില്‍ വന്ന വാര്‍ത്തകള്‍ താഴെ കൊടുക്കുന്നു.
കേരള കൌമുദി പത്രം

ദേശാഭിമാനി ന്യൂസ്
മാതൃഭൂമി വാര്‍ത്ത
മനോരമ വാര്‍ത്ത

മാധ്യമം വാര്‍ത്ത