Sunday 6 November 2011

സൈബർ മീറ്റ്, കണ്ണൂർ

കണ്ണൂരിൽ ഒരു സൈബർ കൂട്ടായ്മ,,,
              ഇന്റർനെറ്റ് ലോകത്ത് ജീവിക്കുന്നവർ ആഗ്രഹിക്കുന്ന ഒരു മഹാസംഭവമാണ് 2011 സപ്തംബർ 11ന് നടന്നത്. ഇങ്ങനെ ഒരു കൂട്ടായ്മ നടക്കാൻ വേദി ഒരുങ്ങിയത് കണ്ണൂർ ജവഹർ ലൈബ്രറി ഹാളിലാണ്. ബ്ലോഗ്, ഫെയ്സ്‌ബുക്ക്, ഓർക്കുട്ട്, ചാറ്റ് എന്നിവയിൽ ഒളിഞ്ഞും തെളിഞ്ഞു വരാറുള്ള മനുഷ്യരെ ജീവനോടെ കണ്ടപ്പോൾ എല്ലാവരും പരസരം മറന്ന് പരസ്പരം നോക്കിനിന്നു.

                        സൈബർ കൂട്ടായ്മ എന്നാണ് പേരെങ്കിലും പങ്കെടുത്തവർ മിക്കവാറും ബ്ലോഗർ ആയി അറിയപ്പെടുന്നവരാണ്. കാരണം, ഒരു മലയാളി ഇന്റർനെറ്റിൽ കടക്കാൻ തുടങ്ങിയാൽ മുന്നോട്ട് പോയിക്കൊണ്ടേയിരിക്കും. വെറുമൊരു ഇ.മെയിലിൽ തുടങ്ങിയത് ചാറ്റിലും ഓർക്കുട്ടിലും കടന്ന് ബ്ലോഗിലൂടെ അങ്ങനെയങ്ങനെ മുന്നോട്ട് സഞ്ചരിക്കും. ഇന്റർനെറ്റിൽ പുത്തനായി കണ്ടെത്തിയതെല്ലാം മലയാളികൾ സന്തോഷപൂർവ്വം സ്വാഗതം ചെയ്യും. 
 ആദ്യം റെജിസ്ട്രേഷൻ,,, കുമാരൻ, ബിനസി എന്നിവർ മീറ്റിൽ വന്നവരെ സ്വീകരിക്കുന്ന തിരക്കിൽ
                       നമ്മുടെ സൈബർ മീറ്റ്, ഉദ്ഘാടനം അദ്ധ്യക്ഷപ്രസംഗം തുടങ്ങിയവയൊന്നും കൂടാതെ നേരിട്ട് ആരംഭിക്കുകയാണ്. രാവിലെ മുതൽ ഉച്ചഭക്ഷണം വരെ മീറ്റിൽ പങ്കെടുത്തവൽ സ്വയം പരിചയപ്പെടുകയും പരിചയപ്പെടുത്തുകയും ചെയ്യുന്നതോടൊപ്പം ബ്ലോഗർമാരുടെ സംശയങ്ങൾക്ക് മറുപടി പറഞ്ഞു. ഓരോരുത്തരും അവരുടെതായ കഴിവുകൾ കാണികൾക്കിടയിൽ പ്രകടിപ്പിച്ചു. കേരളത്തിന്റെ വിവിധയിടങ്ങളിൽ ചിതറിക്കിടക്കുന്ന ബ്ലോഗർമാർ ആശയവിനിമയം നടത്തി കണ്ണൂർ സൈബർ മീറ്റ് ഒരു മഹാസംഭവമാക്കി മാറ്റി.
   ‘സൈബർ മീറ്റ് ആരംഭിക്കാൻ അക്ഷമയോടെ കാത്തിരിക്കുന്നവർ’
                         കണ്ണൂരിൽ മീറ്റ് സപ്തംബർ 11ന് ഞായറാഴ്ച ആണെങ്കിലും തലേദിവസം വൈകുന്നേരം‌തന്നെ മാടായിപാറയിൽ മീറ്റ് ആരംഭിച്ചിരുന്നു. കണ്ണൂരിൽ ലാന്റ് ചെയ്തപലരും മാടായിപാറയിൽ എത്തിച്ചേരാനായി ‘റോഡുകൾ‌തേടി നടക്കുന്നത് കണ്ട്’ സംശയിച്ച നാട്ടുകാർ പോലീസിനെ വിവരം അറിയിച്ചതായി അറിയാൻ കഴിഞ്ഞു. ഏതായാലും അപകടമൊന്നും കൂടാതെ മാടായിപാറയിലെത്തിയപ്പോൾ ഒരിക്കലും വറ്റാത്ത ജലാശയവും പൂക്കളുടെ ഫോട്ടോകളും ക്യാമറയിലാക്കി അവർ സംതൃപ്തിയടഞ്ഞു. മീറ്റിനുള്ള ആഹാരം തയ്യാറാക്കിയിട്ട് അതിസാഹസികമായി റോഡുകൾ കണ്ടുപിടിച്ച്, കണ്ണൂരിൽ എത്തിച്ചവർക്ക് അഭിനന്ദനങ്ങളുടെ പൂത്തിരികൾ.
 കെ. പി. സുകുമാരൻ അഞ്ചരക്കണ്ടി സൈബർ ലോകത്തെക്കുറിച്ച് വിവരിക്കുന്നു, സമീപം മോഡറേറ്റർ ‘ഷറീഫ് കൊട്ടാരക്കര’
                       ബ്ലോഗർമാരെ പരിചയപ്പെടുത്തുന്ന മോഡറെറ്ററായി ‘ഷെറീഫ് കൊട്ടാരക്കര’ ആദ്യാവസാനം ഉണ്ടായിരുന്നു. ഉച്ചഭക്ഷണം സമൂഹ ഓണസദ്യ ആയിരുന്നു. തുമ്പപ്പു ചോറിനോടൊപ്പം ഉപ്പേരിയും കാളനും കൂട്ടുകറിയും സാമ്പാറും അവിയിലും ഓലനും പപ്പടവും പായസവും ചേർന്ന സദ്യയുടെ രുചി എന്നെന്നും ഓർക്കും. പിന്നെ ഊണ് കഴിക്കാൻ തൊട്ടടുത്ത കെട്ടിടത്തിന്റെ മൂന്നാം നിലയിൽ കയറിയതുകൊണ്ട് പതിവിൽ കൂടുതൽ ഭക്ഷണം എല്ലാവരും കഴിച്ചു.
 “ഈ ഫോട്ടോഗ്രാഫർമാർ മര്യാദക്കൊന്ന് പറയാനും വിടില്ല”
                        ഫോട്ടോഗ്രാഫർമാരുടെ തിരക്ക് ആദ്യാവസാനം ഉണ്ടായിരുന്നു, ക്യാമറ ഇല്ലാത്തവർ വിരളമായിരുന്നു. മീറ്റിന്റെ ഓർമ്മക്കായി എല്ലാവരും ചേർന്ന ഗ്രൂപ്പ്‌ഫോട്ടൊ എടുത്തു. നാടൻ‌പാട്ടും മാജിക്കുകളും കാണിച്ച് മറക്കാനാവാത്ത അനുഭവങ്ങൾ പങ്ക് വെക്കാൻ കണ്ണൂർ സൈബർ മീറ്റിന് കഴിഞ്ഞു എന്ന് പറയാം.
  “ഇതൊരു ചെറിയ മാജിക്ക്”
ഉച്ചക്ൿശേഷം തൃശ്ശൂർ ആകാശവാണി ഡയറക്റ്റർ, ഡി. പദീപ് കുമാർ ‘ഇ-എഴുത്ത്, ബ്ലോഗിങ്ങ്’ എന്നിവയെക്കുറിച്ച് ക്ലാസെടുത്തു. കണ്ണൂരിലെ കോളേജ് വിദ്യാർത്ഥികൾ ക്ലാസ്സിൽ പങ്കെടുത്തു. ബ്ലോഗിലെ വിവിധ രചനകളെക്കുറിച്ചു ബ്ലോഗ് മാധ്യമത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും ചർച്ചകൾ നടന്നു.
 ‘തൃശ്ശൂർ ആകാശവാണി ഡയറക്റ്റർ, ഡി. പദീപ് കുമാർ വിദ്യാർത്ഥികൾക്ക് ബ്ലോഗിങ്ങിനെക്കുറിച്ച് ക്ലാസ്സ് എടുക്കുന്നു’
ഇവിടെ ഏതാനും ഫോട്ടോകൾ മാത്രം പോസ്റ്റ് ചെയ്യുന്നു, കൂടുതൽ ഫോട്ടോ മറ്റുള്ള ബ്ലോഗുകളിൽ കാണാം.
  ‘ബ്ലോഗർ മിനി, അതായത് ഞാൻ സ്വയം പരിചയപ്പെടുത്തുന്നു’
 ‘സദസിലുള്ളവരെ ചില പൊടിക്കൈകൾ പഠിപ്പിക്കുന്നത്, മുക്താർ ഉദരം‌പൊയിൽ’
 ‘മുക്താർ പറയുന്നത് നോക്കി കണ്ണും മൂക്കും കണ്ടെത്തുന്ന സദസ്യർ’
 ‘ലീല ടീച്ചർ പുസ്തക പരിചയം നടത്തുന്നു, ബ്ലോഗർമാരെ സഹായിക്കാൻ സി.എൽ.എസ്. ബുക്സ് തയ്യാർ’
 ‘ഇത് ചിത്രകാരൻ, ഏതാനും ദിവസം മുൻപ് ഒരു വിവാഹം കഴിച്ചതിന്റെ ക്ഷീണത്തിലാണ്’
 ‘മാത്‌സ് ബ്ലോഗ് ടീം’ ന്റെ മുഖ്യധാര പ്രവർത്തകനായ ജനാർദ്ദനൻ മാസ്റ്റർ, ഇപ്പോൾ നാടൻപാട്ട് പാടി എല്ലാവരെയും രസിപ്പിക്കുകയാണ്’
 ‘സായിപ്പിനെ മാജിക്ക് പഠിപ്പിക്കുന്ന വലിയ മനുഷ്യൻ, മുരളി മുകുന്ദൻ ബിലാത്തിപട്ടണം. മാജിക്കിന്റെ സൂത്രങ്ങൾ ധാരാളം’
 “മെ വിധു ചോപ്രാ ഹെ, ഹൈ, ഹൊ, ഹും” 
‘പേരിനു പിന്നിൽ എന്തോ ഒരു ഇത്, ഒറിജിനൽ കണ്ണൂർക്കാരൻ തന്നെയാ’
 ‘കുമാരൻ ഒരു സംഭവം പരിചയപ്പെടുത്തുന്നു, തൊട്ടടുത്ത് ബിജു കൊട്ടില’
 ‘ഇനിയും ആരെങ്കിലും വരാനുണ്ടോ? ആകെ ക്ഷീണിച്ചു, ഇനിയൊന്നിരിക്കട്ടെ; ഷെറീഫ് കൊട്ടാരക്കര’